കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. മെഡിക്കൽ കോളേജ് പൊലീസാണ് സർക്കുലർ പുറത്തിറക്കിയത്.
വടകര സ്വദേശിനിയായ ഷിംജിതയുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഇവർ സംസ്ഥാന വിട്ടതായി സൂചനയുണ്ട്. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്.
ദീപക് ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് യുവതിയ്ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് യുവതിയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത്. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഞായറാഴ്‌ചയാണ് ദീപക് ജീവനൊടുക്കിയത്. തിങ്കളാഴ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിന്റെ അമ്മ യുവതിയ്ക്കെതിരെ പരാതി നൽകിയത്.