തിരുവനന്തപുരം:രഞ്ജി ട്രോഫിയിയിൽ ചണ്ഡിഗഢിനെതിരായ മത്സരത്തിൽ കേരളം 139 റൺസിന് എല്ലാവരും പുറത്ത്. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തെ നാല് വിക്കറ്റ് നേടിയ നിഷുങ്ക് ബിർള, മൂന്ന് പേരെ പുറത്താക്കിയ രോഹിത് ദണ്ഡെ എന്നിവരാണ് തകർത്തത്. 49 റൺസെടുത്ത ബാബാ അപരാജിതാണ് കേരളത്തിന്റെ ടോപ് സ്കോറർ. സച്ചിൻ ബേബി 41 റൺസെടുത്തു. ആകർഷ് (14), സൽമാൻ നിസാർ (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം രണ്ട മറ്റുതാരങ്ങൾ.
രണ്ടിന് 87 എന്ന നിലയിലായിരുന്നു കേരളം. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന സച്ചിൻ -അപരാജിത് സഖ്യം 58 റൺസ് കൂട്ടിചേർത്തിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 95 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. എന്നാൽ എട്ട് വിക്കറ്റുകൾ 44 റൺസിനിടെ കേരളത്തിന് നഷ്ടമായി. രണ്ടാം സെഷനിൽ സച്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്.
തുടർന്നെത്തിയ വിഷ്‌ണു വിനോദ് റൺസെടുക്കാതെ മടങ്ങി. ഇതിനിടെ അപരാജിതും കൂടാരം കയറി. പിന്നീട് വന്ന മുഹമ്മദ് അസറുദ്ദീൻ (4), അങ്കിത് ശർമ (1), ശ്രീഹരി നായർ (0), ഏദൻ ആപ്പിൾ ടോം (0), നിധീഷ് എം ഡി (1) എന്നിവർ പൊരുതാൻ പോലും നിൽക്കാതെ മടങ്ങുകയായിരുന്നു. സൽമാൻ പുറത്താവാതെ നിന്നു. ആദ്യ സെഷനിൽ ഓപ്പണർമാരായ ആകർഷ് (14), അഭിഷേക് നായർ (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് സമനിലകൾ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാൻ, അഭിജിത് പ്രവീൺ എന്നിവർക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ചണ്ഡിഗഢ്. ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.
കേരള സക്വാഡ്: മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ജെ. നായർ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ആകർഷ് എ. കൃഷ്ണമൂർത്തി, സൽമാൻ നിസാർ, ബാബ അപരാജിത്, അജിത് വി., അഭിഷേക് പി. നായർ, നിധീഷ് എം.ഡി., ഏദൻ ആപ്പിൾ ടോം, ആസിഫ് കെ.എം., അങ്കിത് ശർമ്മ, ശ്രീഹരി എസ്. നായർ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ).