ദില്ലി:ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റു. ദോഡയിലെ ഖനി എന്ന സ്ഥലത്ത് ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ അപകടം നടന്നത്.
പത്തിലേറെ സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.