കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയെന്ന കേസില്‍ പ്രതി ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദീപക്കും പ്രതിയും ബസില്‍ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതില്‍ വ്യക്തമാണ്. ശേഷം പ്രതിയും ദീപക്കും സ്വാഭാവികമായാണ് ബസില്‍നിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദീപക് ആത്മഹത്യ ചെയ്തത് വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ്. ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി.
ബസില്‍ മോശമായ അനുഭവമുണ്ടെന്ന് ഷിംജിത എവിടെയും പരാതി നല്‍കിയിട്ടില്ല. പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളതാണ് പ്രതി. മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കണം എന്നും അറിയാം. നിയമത്തെക്കുറിച്ച് മതിയായ അവബോധമുള്ളയാളാണ്. ഒരാളുടെ സ്വകാര്യത മാനിക്കണമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ല.
ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെയാണ് ഷിംജിത അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവരെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു