മസ്കത്ത്: ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം മുൻപെങ്ങുമില്ലാത്തവിധം കൂപ്പുകുത്തിയതോടെ പ്രവാസികൾക്ക് ലഭിക്കുന്നത് റെക്കോർഡ് വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലാദ്യമായി ഒരു ഒമാനി റിയാലിന് 237.20 രൂപയാണ് ലഭിച്ചിരുന്നത്. ഇതാദ്യമായാണ് ഒമാൻ റിയാലിന്റെ മൂല്യം ഈ നിലവാരത്തിലേക്ക് ഉയരുന്നത്.
രൂപയുടെ തകർച്ചയും ഡോളറിന്റെ കരുത്തുമാണ് റിയാലിന് നേട്ടമായത്. രാജ്യാന്തര വിപണിയിൽ ഒരു യുഎസ് ഡോളറിന് 91.74 രൂപ എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇന്ത്യൻ കറൻസി എത്തിയതാണ് വിനിമയ നിരക്കിൽ പ്രതിഫലിച്ചത്. ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ ബുധനാഴ്ച രാവിലെ 237.6 രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് നേരിയ മാറ്റങ്ങളോടെ 237.1 എന്ന നിലയിൽ വ്യാപാരം തുടർന്നു.
രൂപയുടെ മൂല്യമിടിവ് പണമയക്കാൻ അനുകൂല സാഹചര്യമാണെങ്കിലും, മാസാവസാനമായതിനാൽ മിക്ക പ്രവാസികളുടെയും പക്കൽ നീക്കിയിരിപ്പില്ലാത്തത് പണമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. ശമ്പളം ലഭിക്കുന്ന ഫെബ്രുവരി ആദ്യവാരത്തോടെ നാട്ടിലേക്കുള്ള പണമയക്കലിൽ വലിയ വർധനവുണ്ടാകുമെന്നാണ് എക്സ്ചേഞ്ച് ഹൗസുകൾ പ്രതീക്ഷിക്കുന്നത്. ഡിസംബർ അവസാനം മുതൽ രൂപയ്ക്കെതിരെ റിയാലിന്റെ മൂല്യം സ്ഥിരമായി വർധിക്കുന്ന പ്രവണതയാണ് ചാർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിദേശ മൂലധനത്തിന്റെ പിൻവലിക്കലുമാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം 91 ഡോളർ എന്ന നിർണ്ണായക നിലവാരം ലംഘിച്ച രൂപയുടെ മൂല്യം വരും ദിവസങ്ങളിലും അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇറക്കുമതിക്കാർക്കിടയിൽ ഡോളറിന് ഡിമാൻഡ് വർദ്ധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. നവംബർ പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രൂപ ഇപ്പോൾ നേരിടുന്നത്.
രൂപയുടെ മൂല്യം കുറയുന്നതിൽ അമിതമായി ആശങ്കപ്പെടാനില്ലെന്നാണ് റിസർവ് ബാങ്ക് (RBI) നൽകുന്ന സൂചന. അമിതമായ ചാഞ്ചാട്ടം തടയാൻ മാത്രമാണ് ബാങ്ക് വിപണിയിൽ ഇടപെടുന്നത്. രൂപയുടെ മൂല്യം വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് മാറട്ടെ എന്ന നിലപാടിലാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ശക്തമായതിനാൽ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളിലെ കറൻസികൾ യുഎസ് ഡോളറുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടവയാണ്. അതിനാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഗൾഫ് പ്രവാസികൾക്ക് വലിയ ഗുണകരമാകും.
വലിയ തുകകൾ കൈമാറുന്നവർക്ക് വിനിമയ നിരക്കിലെ ഈ മാറ്റത്തിലൂടെ നല്ലൊരു തുക അധികമായി ലഭിക്കും.
നാട്ടിലെ കുടുംബങ്ങൾക്ക് വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ചെലവുകൾ നേരിടാൻ ഈ മാറ്റം സഹായകമാകും. 2026 മാർച്ചോടെ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ. ഇത് പണമയക്കുന്നവർക്ക് വരും മാസങ്ങളിലും അനുകൂലമായ സാഹചര്യം ഒരുക്കും.