തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം പിന്നിട്ടിട്ടും എൽപി സ്കൂൾ നിയമനം ഇഴഞ്ഞുനീങ്ങുന്നു. എട്ട് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചില്ല. സ്കൂളുകളിൽ കുട്ടികൾ കുറയുന്നതുകൊണ്ടുണ്ടാകുന്ന ഡിവിഷൻ ഫാൾ കാരണം പുറത്താക്കപ്പെട്ട അധ്യാപകരെ വിരമിക്കൽ ഒഴിവിലേക്ക് പരിഗണിക്കുന്നതാണ് നിയമനം വൈകുന്നതിന് കാരണമെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റ് വന്ന എട്ട് മാസം പിന്നിടുമ്പോഴും നിയമന സാധ്യത അനിശ്ചിതത്വത്തിലാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ സർക്കാർ സ്കൂളുകളെ ആശ്രയിച്ചിരുന്നെങ്കിലും നിലവിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നതാണ് ഡിവിഷൻ ഫാളിന്റെ കാരണം.ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യപക ഒഴിവിലേക്ക് പുനർവിന്യസിച്ച് വിരമിക്കൽ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം.