റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. റിയാദിലെ ദവാദ്മിയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെ മതില്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മാരിദുരൈ മൂര്‍ത്തി (46), പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി സൈനുല്‍ ഹഖ് (36) എന്നിവരാണ് മരിച്ചത്.
രണ്ട് മാസം മുന്‍പ് കമ്പനി വിസയില്‍ സൗദിയില്‍ എത്തിയ ഇരുവരും അല്‍ ഷര്‍ഹാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരായിരുന്നു. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ മേല്‍നോട്ടത്തില്‍ ദവാദ്മി കെഎംസിസി ഭാരവാഹികളായ ഫിറോസ് മുക്കം, ഷാഫി കാവനൂര്‍ എന്നിവര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നു.