ശരണ്യയെ കുടുക്കിയത് 17 മിസ്‌ഡ് കോളുകള്‍
കാമുകന്‍ നിധിന് മറ്റൊരു യുവതിയുമായി പ്രണയം
കുഞ്ഞിനെ കൊന്നത് നിധിന്റെ കൂടെ ജീവിക്കാന്‍
ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍ പൊലീസില്‍ സംശയം ജനിപ്പിക്കുംവിധമുള്ള ഫോണ്‍സംഭാഷണങ്ങള്‍ ഉള്‍പ്പെടെയാണ് വിയാനെന്ന കുഞ്ഞുപൈതലിന്റെ മരണത്തില്‍ അമ്മയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരണ്യ കണ്ണൂർ വനിതാ ജയിലിലാണ് ഇപ്പോഴുള്ളത്.
കുഞ്ഞിനെ കൊലചെയ്ത രാത്രിയില്‍ ഏറെ നാളായി അകന്നുകഴിഞ്ഞ ഭര്‍ത്താവ് പ്രണവിന്റേയും കാമുകന്‍ നിധിന്റേയും സാന്നിധ്യമായിരുന്നു പൊലീസിനെ കേസില്‍ വഴിതെളിച്ചത്. കണ്ണൂർ ഡിവൈഎസ്പിയായിരുന്ന പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. തന്നെയും മകനെയും തിരിഞ്ഞുനോക്കാത്ത ഭർത്താവ് അന്നു മകനെ കൊല്ലാനായി വന്നതാണെന്നു ചോദ്യം ചെയ്യലിൽ ശരണ്യ പൊലീസിനോടു ആവര്‍ത്തിച്ചു പറഞ്ഞു. അച്ഛന്‍ വീട്ടിലില്ലാത്ത ദിവസം നോക്കി വന്നതാണെന്നും ശരണ്യ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ശരണ്യ വിളിച്ചിട്ടാണ് താന്‍ വന്നതെന്നായിരുന്നു പ്രണവ് പൊലീസിനു നല്‍കിയ മൊഴി. അതേസമയം ചോദ്യംചെയ്യുന്നതിനിടെയിലും ശരണ്യയുടെ മൊബൈലിലേക്ക് പലതവണ കോളുകള്‍ വന്നു. പൊലീസ് പരിശോധിച്ചപ്പോൾ ഒരേ നമ്പറിൽനിന്ന് 17 മിസ്ഡ് കോളുകൾ. ശരണ്യയുടെ ഫോണിൽനിന്നു ദിവസവും രാത്രി വൈകി ഇതേ നമ്പറിലേക്ക് ഒട്ടേറെ വിളികൾ വന്നതും പൊലീസ് കണ്ടെത്തി. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന നിധിന്റെ നമ്പറായിരുന്നു അത്.
ചില ദിവസങ്ങളിൽ രാത്രിയിൽ ശരണ്യയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് അര മണിക്കൂറിനുള്ളിൽ നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തിയിരുന്നതായി കണ്ടു. സൈബർ സെൽ കൈമാറിയ ആ ടവർ ലൊക്കേഷൻ വിവരങ്ങളിൽ ഒന്നുകൂടിയുണ്ടായിരുന്നു. കുട്ടിയെ കാണാതായ ദിവസം പുലർച്ചെ ഒന്നരയ്ക്ക് നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് ശരണ്യയുടെ വീടിന്റെ പരിസരത്തായിരുന്നു.
പ്രണയസാഫല്യത്തിനായി കുഞ്ഞിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുറപ്പിച്ചുള്ള കൊലപാതകമായിരുന്നു അതെന്നും പൊലീസ് കണ്ടെത്തി. സംഭവദിവസം പുലർച്ചെ ഒന്നരയ്ക്ക് ശരണ്യയുടെ വീടിന്റെ പരിസരത്തു പോയിരുന്നുവെങ്കിലും കാണാനാകാതെ മടങ്ങിയെന്ന് നിധിൻ പറഞ്ഞു. കുഞ്ഞിനെ അവസാനമായി കണ്ടത് എപ്പോഴാണ് എന്നു പ്രണവിനോടും ശരണ്യയോടും ചോദിച്ചപ്പോൾ പുലർച്ചെ മൂന്നോടെ എന്നായിരുന്നു മറുപടി. അപ്പോൾ ശരണ്യ എഴുന്നേറ്റു പാലു കൊടുക്കുന്നതു പ്രണവും കണ്ടിരുന്നു.
കുഞ്ഞുമായി കടല്‍ഭാഗത്തെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ചെരിപ്പിലോ കടൽ വെള്ളത്തിലുള്ള ഡയാറ്റം അഥവാ സൂക്ഷ്മജീവികള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാം. ഒരു പ്രദേശത്തെ കടൽവെള്ളത്തിലുള്ള ഡയാറ്റം മറ്റൊരു പ്രദേശത്ത് ഉണ്ടാകണമെന്നില്ല. കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിലേക്ക് ശരണ്യ, നിധിൻ, പ്രണവ് എന്നിവരുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണെന്നു കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ശരണ്യ എല്ലാം തുറന്നുപറഞ്ഞത്.
ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണു സമൂഹമാധ്യമം വഴി നിധിനുമായി അടുപ്പത്തിലായത്. പിന്നീട് നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതെച്ചൊല്ലി തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിധിൻ പറഞ്ഞതായി ശരണ്യ പൊലീസിനോടു പറഞ്ഞു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ശരണ്യ മൊഴി നല്‍കി