തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുര ത്തെത്തി. അമൃത് ഭാരത് ട്രൈനുകളുടെ ഫ്ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. കേരളത്തിലെ റെയിൽവെ സൗകര്യം ഇന്ന് മുതൽ കൂടുതൽ ശക്തമാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ട് അപ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് വെക്കുകയാണ്. രാജ്യത്തെ ഉന്തുവണ്ടിക്കാർ, തട്ടുകടക്കാർ, വഴിയോരക്കച്ചവടക്കാർക്ക് ഗുണം ചെയ്യുന്ന ക്രൈഡിറ്റ് കാർഡ് പദ്ധതിക്കും ഇന്ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ നിരവധി ഇടപെടലുകൾ നടത്തുന്നു. നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് നിരവധി പദ്ധതികൾ നടപ്പിലാക്കി.കേരളത്തിൽ 25 ലക്ഷം നഗര വാസികൾക്ക് വീട് ലഭിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് സൗജന്യ വൈദ്യുതി പദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി.ഇതിന്റെ ഗുണം കേരളത്തിലെ സാധാരണക്കാരായ ആളുകൾക്കും ലഭിക്കുന്നുണ്ട്. കേരളത്തിലെ 25ലക്ഷത്തിലധികം നഗരവാസികൾക്കും അടച്ചുറപ്പുള്ള വീടുകൾ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാന മന്ത്രി സ്വ നിധി പദ്ധതിയിലൂടെ സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകി.കേരളത്തിലെ ട്രെയിൻ ഗതാഗതം മറ്റിടങ്ങളിലെ അപേക്ഷിച്ച് ഇന്ന് മുതൽ കൂടുതൽ സജീവമാകും. വികസന കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം നടപ്പിലാകൂ.സാധാരണക്കാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലൂടെ നിരവധി പേർക്ക് ആനുകൂല്യം ലഭിച്ചു'.മോദി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രി എം.ബി രാജേഷ്, തിരുവനന്തപുരം മേയർ വി.വി രാജേഷ്,ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചാണ്. പുത്തരിക്കണ്ടം മൈതാനം വരെ റോഡ് ഷോയുമായാണ് പ്രധാനമന്ത്രി എത്തിയത്.