ഇന്ത്യയിൽ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വരെ അധികാരമുണ്ടെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
ഈ ഭേദഗതികൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന നിയമലംഘനങ്ങൾ മാത്രമാണ് ഇതിൽ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തില്ല. എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേൾക്കാനുള്ള അവസരം നൽകേണ്ടതുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
*എന്താണ് പുതിയ ചട്ടം?*
മോട്ടോർ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളിൽ അഞ്ചോ അതിലധികമോ ഒരു വർഷത്തിനുള്ളിൽ ഉണ്ടായാൽ ആണ് ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
*ഏതൊക്കെ കുറ്റങ്ങളാണ് പരിഗണിക്കുക?*
ഓവർസ്പീഡിംഗ്, ഹെൽമറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നൽ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റൽ, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയവ ഉൾപ്പെടെ 24 കുറ്റങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇതിൽ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചിൽക്കൂടിയാൽ നടപടി നേരിടേണ്ടിവരും.
*ആരാണ് നടപടി സ്വീകരിക്കുക?*
ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള അധികാരം ആർടിഒ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ (DTO) എന്നിവർക്കാണ്. മുൻപ് ഘട്ടംഘട്ടമായാണ് (മൂന്ന് മാസം, ആറുമാസം, ഒരു വർഷം) സസ്പെൻഷൻ ഉണ്ടായിരുന്നത്.
*ഗതാഗത നിയമലംഘനത്തിൽ ചലാൻ 3 ദിവസത്തിനകം മൊബൈലിൽ ലഭ്യമാക്കണം, 45 ദിവസത്തിനുള്ളിൽ പിഴയടക്കണം*
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ചലാൻ മൊബൈൽ നമ്പറിൽ 3 ദിവസത്തിനകമോ കത്ത് മുഖേനയോ മറ്റു മാർഗങ്ങളിലൂടെയോ 15 ദിവസത്തിനകമോ വാഹന ഉടമയ്ക്ക് ലഭ്യമാക്കണം എന്നതുൾപ്പെടെ ഒട്ടേറെ ഭേദഗതികളുമായി കേന്ദമോട്ടർവാഹന നിയമചട്ടങ്ങൾ പരിഷ്കരിച്ചു.
ചലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയോ, ആക്ഷേപമുണ്ടെങ്കിൽ തെളിവുസഹിതം ചുമതലപ്പെട്ട ഉദ്യോഗസ്ഥനുമുന്നിലോ പോർട്ടൽ വഴിയോ അക്കാര്യം അറിയിക്കുകയോ വേണം. ആക്ഷേപം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പകുതി തുക അടച്ച് കോടതിയെ സമീപിക്കാം.വീഴ്ച വന്നാൽ ലൈസൻസ്, മോട്ടർവാഹന റജിസ്ട്രേഷൻ സംബന്ധിച്ച അപേക്ഷകൾ പരിഗണിക്കില്ല.ഇത്തരം വാഹനങ്ങൾ 'വിൽക്കുന്നതിന് അനുമതിയില്ല' എന്ന വിവരം വാഹൻ പോർട്ടലിൽ രേഖപ്പെടുത്തും.കോടതി ഉത്തരവിനുവിധേയമായി വാഹനം പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്.