പാലക്കാട് ജില്ലാ അതിർത്തിയായ ആറങ്ങോട്ടുകരയുടെ സമീപത്ത് തീപിടുത്തം. ദേശമംഗലം പഞ്ചായത്തിലെ പള്ളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയിൽ നീരൊഴുക്കില്ലാത്ത പൊന്തക്കാടിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 7.30 ഓടുകൂടിയാണ് തീ പിടിച്ചത്. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്നു. പള്ളത്തിന്റെയും ഷൊർണൂർ മുണ്ടായ ഭാഗത്തിന്റെയും ഇടയിലേക്കാണ് തീപടരുന്നത്. നദിയുടെ നടുവിലായുള്ള അടിക്കാടുകളിലാണ് തീ ആളിപ്പടരുന്നത്.തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് തീ ആളിക്കത്തുന്ന നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
എന്നാൽ, സംഭവം നടന്ന പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്.