കൽപ്പറ്റ: ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന്
വാഗ്ദാനം ചെയ്‌ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ വെങ്ങപ്പള്ളി സ്വദേശി പിടിയിൽ. അഷ്‌കർ അലി (30) യെയാണ് വയനാട് സൈബർ ക്രൈം പോലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് ടെലഗ്രാം വഴി യുവതിയെ കബളിപ്പിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്‌ണുവിൻ്റെ അക്കൗണ്ടിലേക്കാണ് വന്നത്. ഈ തുക വിഷ്‌ണു പിൻവലിച്ച് അഷ്‌കർ കൈമാറുകയായിരുന്നു. വിഷ്‌ണു നേരത്തെ അറസ്റ്റിലായിരുന്നു. കൂട്ടുപ്രതി പിടിയിലായതോടെ നോർത്ത് ഇന്ത്യയിലേക്ക് കടന്ന അഷ്‌കർ അലി, പിന്നീട് ബാംഗ്ലൂരിൽ എത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തി പിടികൂടിയത്. ഇയാളുടെ ഫോണിൽ നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.