കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോഴിക്കോട് മാളിക്കടവിനടുത്ത് ഇന്‍ഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖനും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു. യുവതി ഈ വിവരം പുറത്തു പറയുമോയെന്ന് വൈശാഖന്‍ ഭയന്നിരുന്നു. ഒരുമിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വൈശാഖന്റെ ഇന്‍ഡസ്ട്രിയിലേക്ക് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കുരുക്കിട്ട് സ്റ്റൂളില്‍ കയറി നിന്നു. ഇതിനിടെ സ്റ്റൂള്‍ തട്ടിയിട്ട് വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തി. തുടര്‍ന്ന് വൈശാഖന്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു