ന്യൂഡൽഹി:യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പ്രഫഷനലുകൾക്ക് വീണ്ടും തിരിച്ചടിയായി എച്ച്‍-1ബി വിസ പുതുക്കൽ. പുതിയ എച്ച്‍-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ല. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യു.എസ് വിസ ഓഫിസുകളിൽ അഭിമുഖത്തിന് സ്ലോട്ടുകൾ ലഭ്യമല്ല. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വെബ്സൈറ്റിൽ പുതിയ വിസ അഭിമുഖങ്ങൾ 2027ലേക്ക് മാറ്റിവെക്കുകയാണ്.
കഴിഞ്ഞ മാസം മുതലാണ് എച്ച്‍-1ബി വിസ അനുമതി വൈകാൻ തുടങ്ങിയത്. സ്ഥിതിഗതികൾ ഉടനെയൊന്നും മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറഞ്ഞു. അഭിമുഖത്തിന് തിയതി ലഭ്യമല്ലാത്തതിനാൽ യു.എസിലെ എച്ച്-1ബി വിസ ഉടമകൾ പുതുക്കുന്നതിനായി ഇന്ത്യയിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും അവർ ഉപദേശിച്ചു. സാധാരണ പോലെ ഡിസംബറിൽ പുതുക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകൾ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ഡിസംബറിൽ അഭിമുഖത്തിന് തിയതി ലഭ്യമല്ലാത്തതിനാൽ ഈ വർഷത്തേക്ക് മാറ്റിവെച്ചതായി അധികൃതർ വിസ ഉടമകളെ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തിയതി ലഭിച്ചിരുന്നവരുടെ വിസ അഭിമുഖങ്ങൾ 2027 ഏപ്രിൽ-മേയ് മാസങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യു.എസിന്റെ വിവിധ കോൺസുലേറ്റുകളിൽനിന്ന് വിസ ഉടമകൾക്ക് ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ട്.
സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷം മാത്രമേ വിസ നൽകേണ്ടതുള്ളൂവെന്ന യു.എസ് സർക്കാറിന്റെ പുതിയ നയം നിലവിൽ വന്ന ശേഷമാണ് അഭിമുഖങ്ങൾ വൈകാൻ തുടങ്ങിയത്. 2027 സാമ്പത്തിക വർഷത്തിൽ യു.എസിലേക്ക് കുടിയേറാനും പൗരത്വം ലഭിക്കാനും കഴിഞ്ഞ ഡിസംബർ 29ന് പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യക്കാർക്ക് ഒരു വർഷം 85,000 വിസയെന്ന പരിധിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇതിൽ 20,000 വിസ യു.എസിൽ ബിരുദാനന്ത ബിരുദം പൂർത്തിയാക്കിയവർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.
ഐ.ടി, എഞ്ജിനിയറിങ്, ഡാറ്റ, എ.ഐ, അനലിറ്റിക്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും യു.എസ് നൽകുന്ന വിസയാണ് എച്ച്‍-1ബി. മൂന്ന് വർഷമാണ് വിസയുടെ കാലാവധി. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ പുതുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയിരുന്നു.