കൊച്ചി: സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര ഗവ.വി.എച്ച്.എസ്.ഇയിലെ വിദ്യാർഥിനി ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.