വയനാട്:കടത്തുകയായിരുന്ന 11.2 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. മുട്ടിൽ ചെറുമൂലവയൽ സ്വദേശി അബൂബക്കർ (49) എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പൺ സ്വദേശി അനസ് (25), മേപ്പാടി മാൻക്കുന്ന് സ്വദേശി ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. ഇതിൽ അബൂബക്കർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പൊലീസും ചേർന്നായിരുന്നു വാഹന പരിശോധന നടത്തിയത്. പരിശോധനക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ വൈത്തിരി ലക്കിടിയിലെ ചുരം കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂന്നുപേരും വലയിലാകുന്നത്. അബൂബക്കർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കെ.എൽ 11 പി 9695 നമ്പർ കാറിൽ വരുകയായിരുന്ന ഇവരെ പൊലീസ് പരിശോധനക്കായി തടഞ്ഞപ്പോൾ ഷാഹിൽ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി ഓടി. പിന്നാലെ പൊലീസും ഓടി. പിന്തുടർന്നെത്തി കുറച്ചു ദൂരെ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിൽ അബൂബക്കറിന്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നാണ് പോളിത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇൻസ്പെക്ടർമാരായ സജേഷ് സി ജോസിന്റെയും എൻ ഹരീഷ്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.