വയനാട്: കൽപ്പറ്റയിൽ പതിനാറുകാരന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണിയാമ്പറ്റ സ്വദേശിയായ 14-വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫിസ് റോഡിന് സമീപത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കുട്ടിയെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു.
പ്രാണരക്ഷാർത്ഥം ഓടി വീട്ടിലെത്തിയ കുട്ടിയെ കൽപ്പറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.