പത്തനംതിട്ട: റബർ തോട്ടത്തിൽ കടുവയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ പത്തനംതിട്ട കുമ്പഴത്തോട്ടത്തിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. എസ്റ്റേറ്റിലെ പ്ലാങ്കാട്, തവാർണ്ണയ്ക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ വച്ചാണ് തൊഴിലാളികൾ കടുവയെ കണ്ടത്.
റബ്ബർ ടാപ്പിങ്ങിനായി പോവുകയായിരുന്ന തൊഴിലാളി ദമ്പതികളായ ചെങ്ങറ, പാറക്കമണ്ണിൽ, ഷാജിയും മിനിയും ആണ് കടുവയുടെ മുൻപിൽ പെട്ടത്. ഭയന്ന് ഓടുന്നതിനിടെ കുഴിയിൽ വീണ മിനിയുടെ തോളെല്ലിന് പൊട്ടലേറ്റു. കോന്നി മെഡിക്കൽ കോളേജിലും, കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നാലിടത്തായാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. എസ്റ്റേറ്റിൽ ഡ്രോൺ നിരീക്ഷണം നടത്തിയ ശേഷം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്സ്ഥലം സന്ദർശിച്ച കെ യു ജനിഷ് കുമാർ എംഎൽഎ പറഞ്ഞു.
ആധുനിക ഡ്രോൺ സംവിധാനം ഉപയോഗിച്ചാകും നിരീക്ഷണം ശക്തമാക്കുക. തൊഴിലാളികളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും, എസ്റ്റേറ്റിൽ കന്നുകാലികളെ മേയാൻ വിടുന്നവർ അത് ഒഴിവാക്കണമെന്നും കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി അറിയിച്ചു. രാത്രികാല പരിശോധനകളും ഏർപ്പെടുത്തും