മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍രെ മരണത്തിനിടയാക്കിയ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണിരുന്നുവെന്ന് റിപ്പോര്‍ട്ട്. വി.എസ്.ആര്‍ വെഞ്ച്വേഴ്സിന്റെ വിടി-എസ്.എസ്.കെ ലിയര്‍ജെറ്റ് 45 എന്ന വിമാനമാണ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത്.
ഈ വിമാനം 2023ലും തകര്‍ന്നുവീണിരുന്നുവെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയ്ക്കിടയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. വി.എസ്.ആര്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍-ഷെഡ്യൂള്‍ഡ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററാണ്. സ്വകാര്യ ജെറ്റ് ചാര്‍ട്ടറുകള്‍, മെഡിക്കല്‍ ഇവാക്വേഷനുകള്‍, ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് വി.എസ്.ആര്‍ വെഞ്ച്വേഴ്‌സ്. തകര്‍ന്നുവീണ വിടി-എസ്എസ്‌കെ ലിയര്‍ജെറ്റ് 45 എക്‌സ്ആര്‍ 1990കളില്‍ 'സൂപ്പര്‍-ലൈറ്റ്' ബിസിനസ് വിഭാഗത്തില്‍ നിര്‍മിച്ചതാണ്.
ഇന്ന് രാവിലെ 8.45 ഓടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റിനുശേഷം ലാന്‍ഡിംഗ് ശ്രമത്തിനിടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. രണ്ടായി പിളര്‍ന്ന വിമാനം തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അംഗരക്ഷകരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പവാറിന്റെ യാത്രയെന്നാണ് വിവരം.