കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം കുറിച്ചു. സബ്ജില്ലാ കലാമേളയിൽ ചെണ്ടമേളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ മേളക്കൊഴുപ്പോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്. വാർഷികാഘോഷത്തോടൊപ്പം വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപകൻ രാജീവ് മാത്യുവിന് വിദ്യാലയവും നാടും ഹൃദ്യമായ യാത്രയയപ്പ് നൽകി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ജൂബിലി സ്മരണാർത്ഥം ബലൂൺ റിലീസ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയിരുന്ന ഫിലോമിന വി.ഡി. ടീച്ചറെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിച്ചു.
കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട് മുഖ്യപ്രഭാഷണവും, സ്കൂൾ മാനേജർ സെബാസ്റ്റ്യൻ പുളിക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, വാർഡ് മെമ്പർ ശ്രീമതി റീന ബിജു, സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. അബിൻ CST, കണ്ണോത്ത് യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ. ജിജി തോമസ്, ഫിലോമിന വി.ഡി., പി.ടി.എ. പ്രസിഡന്റ് അഭിലാഷ് ജേക്കബ്, സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് കുമാരി സന്മയ തുടങ്ങിയവർ ആശംസകൾ നേർന്നു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന രാജീവ് മാത്യു മറുപടി പ്രസംഗം നടത്തി. ജൂബിലി കമ്മിറ്റി ചെയർമാനും കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അലക്സ് തോമസ് ചെമ്പകശ്ശേരി നന്ദി രേഖപ്പെടുത്തി.
തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസന്ധ്യ ഏവർക്കും ആസ്വാദ്യകരമായ അനുഭവമായി. സമാപന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് കൊച്ചി പ്രയാഗ് മ്യൂസിക് പ്രൊഡക്ഷൻ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ചാനൽ സ്റ്റാർസ് കോട്ടയം മാളവിക MRK, സുനിൽ പ്രയാഗ് എന്നിവർ നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ കാണികളെ ആവേശത്തിലാഴ്ത്തി.
വിദ്യാലയത്തിന്റെ അമ്പത് വർഷത്തെ ജ്വലിക്കുന്ന ഓർമ്മകൾ പുതുക്കുന്നതിനൊപ്പം വരും തലമുറയ്ക്ക് മികച്ച മാതൃകകൾ സമ്മാനിക്കാനാണ് ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് ജൂബിലി കമ്മിറ്റി വിലയിരുത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഈ ജൂബിലി വർഷം വലിയ കരുത്ത് നൽകിയതായും കമ്മിറ്റി അറിയിച്ചു.