പേരാമ്പ്ര: പേരാമ്പ്രയിൽ പോലിസ് നടത്തിയ മിന്നൽ റെയ്ഡിൽ കാറിൽ നിന്ന് വൻ കുഴൽപ്പണം പിടികൂടി. എഴുപത്തിരണ്ട് ലക്ഷത്തിലധികം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫാൻ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് കൂത്താളി മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റോഡ് വരെ പോലിസ് കാറിനെ പിൻതുടർന്നെത്തുകയും വാഹനം തടഞ്ഞു നിർത്തുകയുമായിരുന്നു. തുടർന്ന് പ്രതികളെ പിടികൂടി പോലിസ് ജീപ്പിലേക്ക് മാറ്റി.
കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ ഡ്രൈവർ സീറ്റിനടിയിലുണ്ടാക്കിയ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.