ബോഗോട്ട: കൊളംബിയയില്‍ പര്‍വതമേഖലയിലുണ്ടായ വിമാനാപകടത്തില്‍ 13 യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. വെനസ്വേല അതിര്‍ത്തിക്ക് സമീപം സറ്റീന (Satena) എയര്‍ലൈന്‍സിന്റെ എന്‍എസ്ഇ 8849 ബീച്ച്ക്രാഫ്റ്റ് 1900 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ 11:42ന് കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 11:54ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
ഒക്കാനയില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ദുര്‍ഘടമായ പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നത്.
വ്യോമസേനയും സൈന്യവും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയും ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു.
കൊളംബിയന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടി അംഗവും നിയമസഭാ സ്ഥാനാര്‍ഥിയുമുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ വിമാനത്തിലുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപകടകാരണത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു. എന്‍ജിന്‍ തകരാറാണോ അതോ പര്‍വതമേഖലയിലെ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരുകയാണ്