ന്യൂഡൽഹി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രിംകോടതി പറഞ്ഞു. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാജി മതസ്പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് പിടിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശരിവെച്ച്് ഹൈക്കോടതി 2018 നവംബറിൽ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. ഒപ്പ് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുകയാണെന്നാണ് നികേഷ് കുമാർ സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നത്.
ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തിൽ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നു2016 ലെ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഹരജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.