ജിദ്ദ: സഊദി അറേബ്യയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകള്‍ റെസിഡന്റ് പെര്‍മിറ്റിലേക്ക് (ഇഖാമ) മാറ്റുന്നതിനുള്ള സാങ്കേതിക നടപടികള്‍ക്ക് തുടക്കമായി. സഊദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് (ജവാസാത്ത്) കീഴിലുള്ള 'മുഖീം' (Muqeem) പോര്‍ട്ടലില്‍ ഇതിനായുള്ള പുതിയ സേവനം ദൃശ്യമായിത്തുടങ്ങി. തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റാന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജാണ് പോര്‍ട്ടലില്‍ സജ്ജമായിരിക്കുന്നത്.
പുതിയ മാറ്റങ്ങള്‍ ചുരുക്കത്തില്‍:
* സ്റ്റാറ്റസ് മാറ്റം: നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച്, സന്ദര്‍ശക വിസയില്‍ എത്തിയ കുടുംബാംഗങ്ങളെ ഇഖാമയിലേക്ക് മാറ്റാന്‍ ഈ സേവനം വഴി സാധിക്കും.
* മുഖീം പ്ലാറ്റ്‌ഫോം: കമ്പനികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ അപേക്ഷകള്‍ ഇനി മുഖീം വഴി നേരിട്ട് സമര്‍പ്പിക്കാം.
* അംഗീകാര രീതി: പ്രവാസി തൊഴിലാളി തന്റെ 'അബ്ഷിര്‍' (Absher) പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കിയ ശേഷം തൊഴിലുടമ മുഖീം പോര്‍ട്ടലിലൂടെ ഇത് പരിശോധിച്ച് അപ്രൂവല്‍ ചെയ്യുകയാണ് വേണ്ടത്.
നിലവില്‍ മുഖീം പോര്‍ട്ടലില്‍ ഈ ഓപ്ഷന്‍ ലഭ്യമായിട്ടുണ്ടെങ്കിലും, സേവനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മാത്രമേ ആര്‍ക്കൊക്കെ ഇതിന്റെ ഗുണം ലഭിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്കും (ഉദാഹരണത്തിന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ അല്ലെങ്കില്‍ വിദേശി വനിതകളുടെ കുട്ടികള്‍) ചില പ്രത്യേക പ്രൊഫഷനുകളിലുള്ളവര്‍ക്കുമാണ് മുന്‍ഗണന എന്ന് സൂചനകളുണ്ട്.
വിസിറ്റ് വിസയില്‍ എത്തിയ കുടുംബാംഗങ്ങളെ സ്ഥിരമായി കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്ന നീക്കമാണിത്.