കോഴിക്കോട്: എലത്തൂര്‍ മാളിക്കടവില്‍ ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി വൈശാഖന്‍ മറ്റൊരു പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കൈകൊണ്ട് മുഖത്തും ശരീരത്തിലും മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനുശേഷമാണ് യുവതിക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വൈശാഖന്റെ മൊഴി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ്, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഭാര്യയെ വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വൈശാഖന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
യുവതിയുടെ മരണശേഷവും വൈശാഖന്‍ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു. യുവതിക്ക് 16 വയസ്സുള്ളപ്പോള്‍ മുതല്‍ വൈശാഖന്‍ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് ഷോപ്പിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റാന്‍ വൈശാഖന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്ഥാപനം സീല്‍ ചെയ്തതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.