കോഴിക്കോട്:കുന്ദമംഗലം, ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാക ഉയർന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളാണ് (31.1.2026 ) ശനി മുതൽ മർകസിൽ നടക്കുക.
ജാമിഅ മർകസിലെ വിവിധ ഡിപാർട്‌മെന്റുകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്.
പ്രാസ്ഥാനിക സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, പണ്ഡിത സംഗമം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച്ച മുതൽ ബുധനാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം 7 ന് മതപ്രഭാഷണവും തിങ്കൾ വൈകുന്നേരം 4 ന് ബറാഅത്ത് ആത്മീയ സംഗമം, ബുധൻ രാത്രി അഹ്ദലിയ്യ ആത്മീയ സംഗമം എന്നിവയും നടക്കും. വ്യാഴാഴ്ച
നടക്കുന്ന സനദ്ദാന പൊതു സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും മത പണ്ഡിതരും സാമൂഹിക-രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും.
ഇന്നലെ(വെള്ളി) ഉച്ചക്ക് സമ്മേളന നഗരിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് മുഹമ്മദ് ബാഫഖി, ഗഫൂർ ഹാജി അൽ ഐൻ തുടങ്ങിയവർ നേതൃത്വം നൽകി.