ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശത്തിന്റെ ഭാഗമെന്ന സുപ്രധാനവിധിയുമായി സുപ്രിംകോടതി. ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര നയവുമായി ബന്ധപ്പെട്ട പൊതുഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി. സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നും വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.
സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയെ കോടതി വിമര്‍ശിച്ചു. ആര്‍ത്തവകാലത്ത് മതിയായ ശുചിത്വ സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ പോകാനുള്ള കഴിവിനെയും അതുവഴി മൗലികാവകാശങ്ങള്‍ വിനിയോഗിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്ന് കോടതി വിശദീകരിച്ചു.
'ആര്‍ത്തവകാലത്ത് പെൺകുട്ടികളുടെ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനും ആരോഗ്യത്തോടെയിരിക്കാനുമുള്ള അവകാശത്തിന്റെ ഭാഗമാണ്. സമത്വത്തിനുള്ള അവകാശത്തില്‍ തുല്യ അവസരത്തിനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു'. സുപ്രിംകോടതി വ്യക്തമാക്കി.
ഇതിനായി ഓക്‌സോ ബയോഡിഗ്രേഡബിള്‍ സാനിറ്ററി നാപ്കിനുകള്‍ എല്ലാ സ്‌കൂളുകളിലും സൗജന്യമായി നല്‍കണമെന്നും ടോയ്‌ലറ്റുകളിലോ സ്‌കൂള്‍ പരിസരങ്ങളിലോ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.