കോഴിക്കോട്:സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിനവും വൻ ഇടിവ്. ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. ഇന്നലെ 1,24,080 രൂപയായിരുന്നു പവൻ വില. വൻ കുതിപ്പിനൊടുവിൽ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വർണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന വിലയിൽ നിന്ന് രണ്ടുദിവസം കൊണ്ട് 13,400 രൂപയാണ് കുറഞ്ഞത്.
റെക്കോഡ് വിലയിൽ നിന്ന് നിക്ഷേപകർ ലാഭമെടുത്തു തുടങ്ങിയതോടെയാണ് സ്വർണത്തിന് ഇടിവ് തുടങ്ങിയത്. ആഗോളവിപണിയിൽ എട്ട് ശതമാനം വിലയിടിഞ്ഞ് ഔൺസിന് 4893 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില കൂപ്പുകുത്തിയിരിക്കുകയാണ്. 25 ശതമാനത്തിലേറെ ഇടിഞ്ഞ് ഔൺസിന് 85 ഡോളർ നിരക്കിലാണ് വ്യാപാരം.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതാവസ്ഥയും ഡോളർ വിലയിടിവുമെല്ലാം നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. ഓഹരിയിൽ നിന്ന് പിൻമാറി സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലുള്ള നിക്ഷേപം വർധിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. എന്നാൽ, റെക്കോഡ് വിലയിൽ നിന്ന് നിക്ഷേപകർ ലാഭമെടുത്തു തുടങ്ങിയതോടെ വില വൻതോതിൽ ഇടിയുകയായിരുന്നു