കോഴിക്കോട്:സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് തീവണ്ടിയിൽനിന്നു ചാടി പരിക്കേറ്റയാളെ കോഴിക്കോട് റെയിൽവേ പോലീസ് ആശുപത്രിയിൽനിന്ന് പിടികൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദ് (28) ആണ് അറസ്റ്റിലായത്.
കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിന്ന് വീണതാണെന്ന വ്യാജേന അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയിൽവേ പോലീസും ആർ.പി.എഫും സമീപത്തെ ആശുപത്രിയിൽ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ. സി. പ്രദീപ്കുമാർ, എ.എസ്.ഐ.മാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോഴിക്കോട് കോടതി റിമാൻഡ് ചെയ്തു.