കാസർകോട്: കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകൾ. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് പോക്സോ (POCSO) കേസുകളിൽ 27.38 ശതമാനത്തിന്റെ വർധനവുണ്ടായതായി പൊലിസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021-ൽ 3,516 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025 ആയപ്പോഴേക്കും ഇത് 4,753 ആയി ഉയർന്നു.
വർഷം രജിസ്റ്റർ ചെയത
കേസുകൾ
2021 3,516
2022 4,518
2023 4,641
2024 4,594
2025 4,753
*റിപ്പോർട്ടിംഗ് കൂടാൻ കാരണമെന്ത്?*
കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനൊപ്പം തന്നെ, നിയമത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർധിച്ചതും കേസുകൾ പുറത്തുവരാൻ കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിൽ നടക്കുന്ന കൗൺസലിംഗുകളിലൂടെയും ബോധവൽക്കരണ ക്ലാസുകളിലൂടെയും കുട്ടികൾ തങ്ങൾ നേരിട്ട അതിക്രമങ്ങൾ തുറന്നുപറയാൻ തയ്യാറാകുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ മറച്ചുവെക്കുന്നത് കുറ്റകരമാണെന്ന ബോധ്യം രക്ഷിതാക്കൾക്കിടയിൽ ഉണ്ടായതും റിപ്പോർട്ടിംഗ് കൂടാൻ സഹായിച്ചിട്ടുണ്ട്.