കാസറഗോഡ്:മക്കളെപ്പോലെ പോറ്റിവളര്‍ത്തിയ പശു പേപ്പട്ടിയുടെ കടിയേറ്റ് ചത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍ പാണൂര്‍ ബാലനടുക്ക സ്വദേശി നാരായണന്‍ (80) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
പ്രദേശത്തെ അറിയപ്പെടുന്ന നെല്ല് ക്ഷീര കര്‍ഷകനായിരുന്ന നാരായണന്റെ രണ്ടു വയസ്സുള്ള പശുവിനെ കഴിഞ്ഞ ഡിസംബര്‍ 31നാണ് പേപ്പട്ടി കടിച്ചത്. വീടിന് സമീപത്തെ വയലില്‍ കെട്ടിയിട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. പശുവിനെ കടിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
കൃത്യമായി കുത്തിവെപ്പുകള്‍ എടുത്തിരുന്നെങ്കിലും ജനുവരി 18ഓടെ പശു ചത്തു. തന്റെ ഉപജീവനമാര്‍ഗവും ജീവനുമായിരുന്ന പശുവിനെ നഷ്ടപ്പെട്ടതോടെ നാരായണന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നാരായണനെ വീടിന് സമീപത്തെ പറമ്പിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചതാണെന്ന സംശയത്തെത്തുടർന്ന് ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം വിദ്യാനഗർ കാംപ്കോ ശാഖയിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഭാര്യ:പദ്മാവതി,മൂന്ന് മക്കളുണ്ട്.