തിരുവനന്തപുരം: ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ 23 വയസ്സുകാരി ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കു പോകുന്നതിനെത്തുടർന്ന് ദുരിതാവസ്ഥയിൽ. ഇതിനു പരിഹാരമായി 'സ്റ്റോമ ബാഗ്' വയറിനു പുറത്ത് ഘടിപ്പിച്ച് വിസർജ്യവസ്തുക്കൾ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടറുടെ നിർദേശം.
ജൂൺ 19ന് സിസേറിയനു വിധേയയായ യുവതിക്ക് പ്രശ്‌നമുണ്ടായതിനെത്തുടർന്ന് ജൂലൈ 30ന് സ്റ്റോമ ബാഗ് ശരീരത്തിൽ ഘടിപ്പിച്ചു. എന്നിട്ടും ജനനേന്ദ്രിയത്തിൽ കൂടി വിസർജ്യം പുറത്തുവരുന്നതു തുടരുകയാണ്. വേദനയുമുണ്ട്. വിവാഹം കഴിഞ്ഞ് 4 വർഷത്തിനു ശേഷം ജനിച്ച 7 മാസം പ്രായമായ കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതി.