കോഴിക്കോട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാട്ടിലപ്പീടിക സ്വദേശിയടക്കം രണ്ടുപേർ കോഴിക്കോട് പിടിയിൽ. നെല്ലിക്കോട് മനന്തലത്താഴം സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിനാസ് (21), പാലാഴി കാട്ടിൽ പീടിക സ്വദേശി കരിക്കീരികണ്ടി വീട്ടിൽ വിമൽ (20) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും, എസ്.ഐ നിധിന്റെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
ഹൈലറ്റ് മാളിലും, പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ട് എന്ന് പോലീസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഹൈലറ്റ് മാളിന് സമീപമുള്ള അണ്ടർപാസിന് അടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസുകാർ സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പ്രതികളുടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 75 ഗ്രാം കഞ്ചാവും, 10 സിപ്പ് ലോക്ക് കവറുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതികൾ ഹൈലറ്റ് മാൾ, പാലാഴിയിലെ ഹോസ്റ്റലുകൾ, ഫുട്ബോൾ ടർഫുകൾ എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണെന്നും, പ്രതികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. പന്തിരാങ്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിധിൻ, സിവിൽ പോലീസ് ഓഫീസർ അൻഷാദ്, ഡാൻസാഫ് അംഗങ്ങളായ സരുൺകുമാർ, തൗഫീഖ്, മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.