നാദാപുരം: വളയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ യുവതിയ്ക്ക് പരിക്ക്. ചിറ്റാരി കൂളിക്കുന്ന് സ്വദേശിനി ജിൻഷ (37)നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച്ച രാവിലെ 11.30 നായിരുന്നു സംഭവം. ആയോട് മലയിൽ അഭയഗിരി സെന്റ് മേരീസ് ചർച്ചിന് സമീപത്തുവെച്ചാണ് യുവതിയെ കാട്ടുപോത്ത് അക്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന മേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടുപോത്ത് കണ്ടി വാതുക്കൽ, ആയോട് അഭയഗിരി മേഖലകളിൽ തമ്പടിച്ചതായി നാട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച്ച രാവിലെ ആയോട് ഭാഗത്ത് കാട്ടുപോത്തിനെ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടിയെ തുരത്തുന്നതിനിടെ കാട്ടി അക്രമാസക്തമാവുകയും വനം വകുപ്പ് ജീവനക്കാരെ അക്രമിക്കുകയും ആയിരുന്നു. വനം വകുപ്പിലെ താൽക്കാലിക വാച്ചർ കണ്ടി വാതുക്കൽ സ്വദേശി കുമാരൻ (56) ന് നേരയാണ് ആദ്യം അക്രമം ഉണ്ടായത് പിന്നീടാണ് ജിൻഷയെ അക്രമിച്ചത്.
ഇവരെ പോത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നെന്ന് വനപാലകർ പറഞ്ഞു. പരിക്കേറ്റ ഗാർഡിനെ വളയം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി.