തിരുവനന്തപുരം:ഓട്ടിസം ബാധിതനായ പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി. പൗഡിക്കോണം സ്വദേശിയായ സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 161 വർഷം തടവിനും 87,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ വെച്ച് കുട്ടിയുടെ ശാരീരിക വെല്ലുവിളികൾ മുതലെടുത്ത് ഇയാൾ അതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ കുട്ടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരു മെഡിക്കൽ സംഘത്തെ രൂപീകരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നിലവിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചു.