അണ്ടർ-19 ലോകകപ്പിന്റെ സൂപ്പർ സിക്‌സിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ 58 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കി. ബുലാവായോയിലെ ക്വീൻസ് സ്‌പോർട്സ് ക്ലബ്ബിലായിരുന്നു ഇന്ത്യ പാക് പോരാട്ടം. ഏറെ പ്രാധാന്യമുള്ള ഈ മത്സരത്തിൽ സെമി ഫൈനലിലേക്ക് കടക്കാൻ പാകിസ്ഥാന് ജയമാവശ്യമായിരുന്നു. ഇന്ത്യയുടെ ടോപ് ഫോർ പ്രതീക്ഷകൾ തകർത്ത് ആ സ്ഥാനം സ്വന്തമാക്കാനും പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് അഞ്ചുതവണ ചാമ്പ്യന്മാരായ ഇന്ത്യ തുടക്കത്തിൽ ചെറിയ തകർച്ച നേരിട്ടെങ്കിലും വേദാന്ത് ത്രിവേദിയുടെ പോരാട്ടത്തിൽ പിറന്ന അർധസെഞ്ചുറിയുടെ കരുത്തിൽ 252 റൺസ് എന്ന മികച്ച സ്കോർ ഉയർത്തി.
33.3 ഓവറിൽ ലക്ഷ്യം കൈവരിക്കണമെന്ന കടുത്ത സമ്മർദ്ദത്തിലാണ് സെമി ഫൈനലിലേക്കുള്ള പ്രവേശനത്തിനായി പാകിസ്ഥാൻ ബാറ്റിങ്ങിന് ഇറങ്ങിയത്. 167/4 എന്ന നിലയിലായിരുന്ന പാകിസ്ഥാൻ പിന്നീട് 194 റൺസിന് ഓൾഔട്ടായി.
ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിനുള്ളിൽ തന്നെ ഇരുവരും 47 റൺസ് കൂട്ടിച്ചേർത്തു.
22 പന്തിൽ 30 റൺസ് നേടിയ സൂര്യവംശി എട്ടാം ഓവറിൽ മുഹമ്മദ് സയ്യാമിന്റെ പന്തിൽ കീപ്പറുടെ കൈകളിലേക്ക് എഡ്ജ് ചെയ്ത് പുറത്തായി.
ഈ വിക്കറ്റ് ഇന്ത്യക്ക് ചെറിയ ഉലച്ചിലുണ്ടാക്കിയിരുന്നു. അതേ ഓവറിലെ അവസാന പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മഹാത്രെയെ സയ്യാം ഡക്കിന് മടക്കി. ഒൻപതാം ഓവറിലെ ആദ്യ പന്തിൽ തന്നെ അബ്ദുൽ സുബ്ഹാൻ ആരോൺ ജോർജിന്റെ സ്റ്റംപുകൾ തെറിപ്പിച്ചു. 47/0 എന്ന നിലയിൽ നിന്ന് പെട്ടെന്ന് 47/3 ആയി തകർന്ന ഇന്ത്യക്ക് വേണ്ടി ആ ഘട്ടത്തിലാണ് വേദാന്ത് ത്രിവേദി കളത്തിലിറങ്ങിയത്.
സമ്മർദ്ദത്തിനിടയിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത വേദാന്ത്, വിഹാൻ മൽഹോത്രയുമായി ചേർന്ന് 62 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ 100 റൺസ് കടത്തിക്കയറ്റി.
അഭിഗ്യാൻ കുണ്ടുവിനോടും പിന്നീട് ആർ എസ് അംബ്രിഷിനോടും ചേർന്ന് മികച്ച സ്കോർ പടുത്തുയർത്തി. എട്ടാം വിക്കറ്റിന് കനിഷ്‌ക് ചൗഹാൻ (35), ഖിലാൻ പട്ടേൽ (21) കൂട്ടുകെട്ടിൽ 50 റൺസ് അടിച്ചെടുത്തതോടെ ഇന്ത്യ 250 കടന്നു. ഒടുവിൽ 49.5 ഓവറിൽ 252 റൺസിന് ഇന്ത്യ ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ഓപ്പണർമാരായ സമീർ മിൻഹാസും ഹംസ സഹൂറും ആക്രമിച്ച് തന്നെ കളിച്ചു. എന്നാൽ നാലാം ഓവറിൽ ഹെനിൽ പട്ടേൽ മിൻഹാസിനെ എൽബിഡബ്ല്യുവിൽ കുടുക്കി 23 റൺസിൽ ആ കൂട്ടുകെട്ട് തകർത്തു. തുടർന്ന് ഉസ്മാൻ ഖാനും ഹംസയും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയെങ്കിലും ഇന്ത്യൻ ബൗളർമാർ അവരെ പടയോട്ടത്തിന് അനുവദിച്ചില്ല. ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തെങ്കിലും കനിഷ്‌ക് ചൗഹാന്റെ പന്തിന് മുന്നിൽ പതറി വീണു. 194 റൺസെത്തിയപ്പോൾ ഓൾ ഔട്ടായി പാകിസ്ഥാൻ നീലപ്പടയ്ക്ക് മുന്നിൽ മുട്ടുകുത്തി.