കോഴിക്കോട്:നിയമസഭതെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ്.
അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
ഭരണവിരുദ്ധവികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. അൻവർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താൻ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.