കോഴിക്കോട്: അമ്മയ്ക്ക് അരികിലേക്ക് റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
മാതാപിതാക്കൾക്കൊപ്പം ഓട്ടോയിൽ വന്ന് ഇറങ്ങിയ കുട്ടി, ഉടൻ റോഡിന് മറുവശത്തുള്ള അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടു നിർത്തുകയായിരുന്നു. ബസ്സിന്റെ തൊട്ടുമുന്നിൽ എത്തിയ കുട്ടി ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽപ്പെടാതിരുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡ്രൈവർ ഷനോജിൻ്റെ മനസ്സാന്നിധ്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. കുഞ്ഞ് സുരക്ഷിതമായെങ്കിലും, ഷനോജിന് ഇതുവരെ ആ സംഭവത്തിൻ്റെ ഞെട്ടൽ മാറിയിട്ടില്ല. മാനസികമായി തളർന്ന ഷനോജിന് പിന്നീട് വാഹനം ഓടിക്കാനായില്ല. റോഡരികിൽ വാഹനമിറങ്ങുമ്പോൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ഈ സംഭവം.