കൊയിലാണ്ടി: ദിവസം ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കക്കൂസ് മാലിന്യം ഒഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍. സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന മെയിന്‍ ഹോളില്‍ മാലിന്യംനിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. ആശുപത്രിയുടെ പ്രവേശന കവാടത്തിന് തൊട്ടരികിലാണ് മാലിന്യവെള്ളമൊഴുകുന്നത്
വെള്ളം ലീക്കാകുന്നതിന് തൊട്ടടുത്തായാണ് വിവിധ ടെസ്റ്റുകള്‍ക്കായി പണമടക്കാനുള്ള കൗണ്ടര്‍. ഈ കൗണ്ടറിന് മുന്നില്‍ മൂക്കുപൊത്താതെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. താല്‍ക്കാലികമായി സ്ഥലത്ത് ബീച്ചിങ് പൗഡര്‍ ഇട്ടതല്ലാതെ ലീക്ക് ഒഴിവാക്കാനായി ഒന്നും ചെയ്തിട്ടില്ല. ടാങ്ക് നിറഞ്ഞൊഴുകുന്ന വെള്ളം ആശുപത്രിയുടെ മുന്‍ഭാഗത്തേക്കടക്കം ഒലിച്ചിറങ്ങുന്ന സ്ഥിതിയിലാണുള്ളത്.
ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരേയും സ്വീകരിക്കുന്നത് തന്നെ ഈ മാലിന്യത്തിൻറെ ദുർഗന്ധമാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിന് പരാഹരമുണ്ടാക്കണമെന്നാണ് രോഗികൾ പറയുന്നത്.
പ്രശ്നം ഇന്നത്തോടെ പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം മാലിന്യം നീക്കം ചെയ്യാനായി ആളുകളെത്തിയെങ്കിലും ഇന്റർലോക്ക് പൊളിച്ചുനീക്കാനുള്ള പ്രയാസം കാരണം ഇന്ന് രാവിലെ വരുമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇന്ന് മലിനജലം നീക്കം ചെയ്യാനുള്ള പ്രവൃത്തി തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.