ന്യൂഡല്‍ഹി: വാട്‌സാപ്പിനും അതിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഉള്ള നിയമങ്ങള്‍ പാലിക്കാന്‍ ആയില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് സുപ്രീംകോടതി പറഞ്ഞത്. മെറ്റാ, വാട്സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജസ്റ്റിസുമാരായ ബാഗ്ചി, വിപുല്‍ എം പഞ്ചോലി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. '' സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്ന പ്രവൃത്തിയാണിത്. അത് ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല.'' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ വാട്സ്ആപ്പിന് 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവൈയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ വാട്‌സ്ആപ്പിന് ഫെബ്രുവരി ഒമ്പതുവരെ സമയം നൽകിയിട്ടുണ്ട്.
ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.