കുണിയ: സമസ്ത മഹാസമ്മേളന നഗരിയിലെ ഗ്ലോബൽ എക്സ്പോയിലേക്ക് ഒഴുക്കുതുടർന്ന് പുരുഷാരം. ജനുവരി 30ന് ആരംഭിച്ച എക്സ്പോയിൽ ഇന്നലെ എത്തിയത് പതിനായിരങ്ങളാണ്. സമ്മേളനത്തിന് ഓദ്യോഗിക തുടക്കം കുറിച്ച ഇന്നലെ രാവിലെ മുതൽ എക്സ്പോ നഗരിയിൽ പുരുഷാരം നിറഞ്ഞു. വിസ്മയങ്ങളുടെ മായാക്കാഴ്ചകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. ആറാം നൂറ്റാണ്ടു മുതൽ 14ാം നൂറ്റാണ്ടുവരെ ഇസ് ലാമിന്റെ ഭരണ, സാംസ്‌കാരികപശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചക്കാരനെ ഇന്നിന്റെ എ.ഐ, വി.ഒ.ഐ സാങ്കേതികവിദ്യയുടെ ഉള്ളറകളിലേക്കും എക്‌സ്‌പോ കൊണ്ടുപോകുന്നു. ഇസ് ലാമിന്റെ കേരളത്തിലേക്കുള്ള വരവും തുടർന്നുള്ള പ്രവർത്തനങ്ങളും പ്രബോധനത്തിന് കരുത്തായ പള്ളി ദർസുകളുടെ വിവരണത്തോടുമൊപ്പം വർത്തമാന കാലത്തെ അറബിക് കോളജുകളും ഇസ് ലാമിക് യൂനിവേഴ്‌സിറ്റികളും മത-ഭൗതിക മേഖലയിൽ സമസ്ത പടുത്തുയർത്തിയ കലാലയങ്ങളുമെല്ലാം എക്‌സ്‌പോ പരിചയപ്പെടുത്തുന്നുണ്ട്.
എക്‌സ്‌പോയിൽ സുപ്രഭാതം ഒരുക്കിയ സ്റ്റാളും അതിന്റെ ചരിത്ര വിശദീകരണം, വി.ഐ സംവിധാനവുമെല്ലാം കാഴ്ചക്കാർക്ക് പുതുഅനുഭവമാണ് സമ്മാനിക്കുന്നത്. പുസ്തക മേളയ്ക്കൊപ്പം കലാ-കായിക, സാംസ്‌കാരിക സദസുകളും എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നലെ പുത്തനത്താണി ശുഹദ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലഹ്നുൽ യമീൻ, മുജവ്വിദുമാരും ഹാഫിളുകളും ഖാരിഉകളും അണിനിരന്ന അലിഫ് ലാ-മീം അടക്കമുള്ള പരിപാടികളും അരങ്ങേറി.