കാസർകോട്: സമസ്ത ശതാബ്ദി മഹാസമ്മേളനത്തിന്റെ ക്യാംപ് നഗരി ഇന്ന് സമ്പൂർണതയിലേക്ക്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 33,313 പ്രതിനിധികൾ ഇന്നു മുതൽ മൂന്നുദിവസത്തെ പ്രതിനിധി ക്യാംപിൽ പങ്കെടുക്കും. രണ്ടു ദിവസമായി 10,313 പേരായിരുന്നു ക്യാംപിലെ സാന്നിധ്യം.
മുപ്പതിനായിരത്തിലധികം സമസ്ത പ്രവർത്തകർ ഒരുമിച്ച് സംഗമിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ ക്യാംപായി കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ മാറും. വിവിധ ഘട്ടങ്ങളിലായി നടന്ന പ്രീക്യാംപുകൾ വിജയകരമായി പൂർത്തിയാക്കിയാണ് സമസ്ത പ്രവർത്തകർ ശതാബ്ദി ക്യാംപിനായി കുണിയയിൽ എത്തിച്ചേരുന്നത്.
ക്യാംപ് അംഗങ്ങളെ 313 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. മൂന്നു പവലിയനുകളിലായി പ്രത്യേക ഒഫിഷ്യൽസിന്റെ നേതൃത്വത്തിലാണ് ക്യാംപ് നഗരി സജ്ജീകരിച്ചിരിക്കുന്നത്. ക്യുആർ കോഡ് മുഖേന രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം.
കേരളത്തിനു പുറമെ വിദേശ മലയാളികളും കർണാടക, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ, ലക്ഷ്വദീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം പ്രതിനിധികളുണ്ട്. പലരും ഇന്നലെ രാത്രി സമ്മേളന നഗരിയിലെത്തി. സമാപന പൊതുസമ്മേളന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ക്യാംപ് അവസാനിക്കും.