കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ 'ചടങ്ങുപോലെ' നടത്തുന്ന ഐ.എസ്.എല്ലിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോംഗ്രൗണ്ട് മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തും.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ പറിച്ചുനടാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് പിൻമാറ്റം. കോഴിക്കോട്ടെ സ്റ്റേഡിയം കുറഞ്ഞ സമയത്തിനുള്ളിൽ ഒരുക്കിയെടുക്കുന്നതിലെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതകളുമാണ് തീരുമാനത്തിനു കാരണം.
കഴിഞ്ഞ വർഷം കൊച്ചിയിൽ അർജൻറീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ 'നടക്കാത്ത' സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സ്റ്റേഡിയം ഏറ്റെടുത്ത് നവീകരണം ആരംഭിച്ചിരുന്നു. എന്നാൽ മെസ്സി സന്ദർശനം പാളിയതിനു പിന്നാലെ സ്റ്റേഡിയം നവീകരണവും പാതിവഴിയിൽ നിന്നു. ഇതിനിടെയാണ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കം നടന്നത്.
ഫെബ്രുവരി 14നാണ് ഐ.എസ്.എൽ കിക്കോഫ്. എന്നാൽ പുതുക്കിയ ഫിക്സ്ചർ പുറത്തിറക്കാത്തതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി എന്ന്, എവിടെ വെച്ചായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല