കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്ത് പൊലീസ് നടത്തിയ പി ഹണ്ട് ഓപ്പറേഷനില്‍ 15 പേര്‍ അറസ്റ്റില്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 703 സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും 243 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടികള്‍ ഓൺലൈനിൽ സുരക്ഷിതമായിരിക്കാനുള്ള പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറൻസ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് മറ്റു വകുപ്പുകളുമായി മെച്ചപ്പെട്ട ഏകോപനവും ഇന്റലിജൻസ് ശേഖരണവും, കൂടുതൽ ശക്തമായ ഫീൽഡ് എക്സിക്യൂഷൻ എന്നിവയിലൂടെ കൂടുതൽ കാര്യക്ഷമമായിരുന്നു ഓപ്പറേഷൻ പി ഹണ്ട്. സൈബർ സെൽ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘങ്ങൾ ഒരേസമയം സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തുകയായിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67A, 67B എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഉപകരണത്തിലെ ഉള്ളടക്കത്തിന്റെ ഫോറൻസിക് പരിശോധനയെ തുടർന്നാണ് അറസ്റ്റ് നടന്നത്.