തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രധാനപാതയിലേക്ക് പുറത്ത്. വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിൽ ഇടിച്ചു തെറിച്ച ബൈക്കിൽ നിന്നും യുവാക്കൾ റോഡിലേക്ക് വീഴുന്നതും ഈ സമയത്ത് നടൻ കാർ നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അതേസമയം, ഹോൺ അടിച്ചാണ് വന്നതെന്നും അടുത്തെത്തിയപ്പോൾ കാറിടിക്കുകയായിരുന്നുവെന്നും അപകടത്തിൽ പരിക്കേറ്റ യുവാവ് പറഞ്ഞു.വഴുതാക്കാട് വഴി വരുന്ന സമയത്ത് ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഒരു കാറിന്റെ ഹെഡ് ലൈറ്റ് കണ്ടിരുന്നു. ഹോൺ അടിച്ചാണ് ഞങ്ങൾ വന്നത്. അടുത്ത് എത്താറായപ്പോൾ കാർ പെട്ടന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ ബൈക്ക് നിരക്കി കൊണ്ടുപോകുകയും പിന്നെ നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു. അപകടത്തിന് ശേഷം കുറച്ച് നേരം റോഡിൽ കിടന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്'. പരിക്കേറ്റ യുവാവ് പറഞ്ഞു.
അതിനിടെ,തിരുവനന്തപുരത്ത് കാറിടിച്ച് നിർത്താതെ പോയ കേസിൽ അറസ്റ്റിലായ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു, പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ല, വാഹനം നിർത്താതെ ഓടിച്ചുപോയിസ യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ഇതൊക്കെ മണിയൻപിള്ള രാജു നിഷേധിച്ചു.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടനെ അറസ്റ്റ് ചെയ്ത് ജ്യാമ്യത്തിൽ വിട്ടത്. ഇന്നലെ രാത്രി വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് സമീപമാണ് മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിൽ ഇടിച്ചത്. രണ്ട് യുവാക്കൾക്ക് പരിക്കേറ്റെങ്കിലും നടൻ കാർ നിർത്താതെ പോയി. പേടിച്ചിട്ടാണ് കാർ നിർത്താതെ പോയതെന്നും ബൈക്ക് തന്റെ വാഹനത്തിലാണ് ഇടിച്ചതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.