കോഴിക്കോട്:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ സുഹൈലിനെ (20) പന്തീരാങ്കാവ് പൊലീസും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി.
ഉത്തർപ്രദേശ് സ്വദേശിനിയും കുടുംബത്തോടൊപ്പം പന്തീരാങ്കാവിൽ താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാൻ ഇവരുടെ നാട്ടുകാരനും പെൺകുട്ടിയുടെ പരിചയക്കാരനുമായ പ്രതി പന്തീരാങ്കാവിൽ എത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പ്രതി വീട്ടിൽ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതി നാടുവിടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ഫോണും സിമ്മും ഒഴിവാക്കി രക്ഷപ്പെട്ട പ്രതിയെ അന്വേഷണസംഘം മഹാരാഷ്ട്രയിലെ പാന്തർപുർ എന്ന സ്ഥലത്ത് ഉത്തർ പ്രദേശുകാർ മാത്രം താമസിക്കുന്ന ചേരി പ്രദേശത്ത് മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ മഹേഷ്, സിപിഒ മനാഫ്, ഫറോക്ക് എസിപി സ്ക്വാഡ് അംഗം സുഭീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.