കാസർകോട്: കേരള മുസ്ലിം ജനതക്ക് ആത്മീയ ദിശാബോധം നൽകി നൂറ്റാണ്ട് തികച്ച സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് സാഭിമാനം കൊടിയിറക്കം. കേരളത്തിന്റെ വിവിധ ദിക്കുകളിൽനിന്ന് ഒഴുകിയെത്തുന്ന പ്രവർത്തകർ പച്ചപ്പാടങ്ങൾ അതിരിട്ട ഗ്രാമത്തെ തൂവെള്ള സാഗരമാക്കും.
കേരളത്തിലെ രാഷ്ട്രീയനേതൃത്വം അപ്പാടെ പങ്കെടുക്കുന്ന സമാപന സമ്മേളനം വൈകീട്ട് നാലിന് ഈജിപ്ത് അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നിർവഹിക്കും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിക്കും.
സമസ്ത സെന്റിനറി അവാർഡ് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആർ.ശിവ, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ്, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.