കണ്ണൂര്‍: പയ്യന്നൂരില്‍ കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
ക്ഷേത്രത്തിലെ അരയാൽത്തറയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇളക്കിമാറ്റിയാണ് പണം കവർന്നത്. പണം എടുത്തശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭണ്ഡാരമായതിനാല്‍ എത്ര പണം നഷ്ടമായി എന്നതില്‍ വ്യക്തതയില്ല. പ്രായം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.