കാസര്‍കോട്: സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണം. സമസ്തയിൽ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്‌നങ്ങൾ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെയും സിഐസിയുടേയും പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം.
കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയോ വിട്ടുനിർത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്‌നങ്ങൾ തീർക്കാൻ വേണ്ടി മുന്നോട്ടുവരണം. ചില സംവിധാനങ്ങളെയൊക്കെ സമസ്ത വിട്ടുനിർത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ച് അവർ തിരിച്ചുവരണം. വ്യക്തികളാണെങ്കിലും അങ്ങനെ തന്നെ. സമസ്ത എന്നത് വലിയ സംഘടന തന്നെയാണ്. ഇതിന്റെ വലിപ്പം മനസിലായില്ലേ, അതിനെ നിസാരമാക്കാനോ വേദനിപ്പിക്കാനോ ആരും ശ്രമിക്കരുത്. ഒത്തൊരുമിച്ച് പോകാൻ വേണ്ടി എല്ലാവരും ശ്രമിക്കണം''- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.