സുൽത്താൻ ബത്തേരി: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബത്തേരി പോലീസ് പിടികൂടി. വൈത്തിരി ലക്കിടി അരമല ലക്ഷംവീട് മുരുക (31) ആണ് അറസ്റ്റിലായത്.
2018 ജനുവരിയിൽ ബത്തേരി മഞ്ജുമ കോംപ്ലക്സിലെ കേണൽസ് അക്കാദമിയിൽ നിന്ന് പൂട്ട് പൊളിച്ച് 30,000 രൂപയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് നടപടി. ഈ കേസിൽ ജാമ്യമെടുത്ത ശേഷം കോടതി നടപടികളോട് സഹകരിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു.
ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളിലും ലഹരി കേസുകളിലും (NDPS) ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.